വെറുതെ ഇരിക്കുന്ന സമയം കൂടുതലാണോ? എങ്കിൽ വ്യായാമം ചെയ്തിട്ടും കാര്യമില്ല; അൽസ്ഹൈമേഴ്സ് സാധ്യത കൂടും.

    ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു മസ്തിഷ്‌ക്കരോഗമാണ്‌ അൽസ്ഹൈമേഴ്സ്. വിവിധ രീതിയിലുള്ള ചികിത്സകളിലൂടെയും പരിചരണരീതിയിലൂടെയും രോ​ഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനാവും. ഒപ്പം ജീവിതചര്യയിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. ആരോ​ഗ്യകരമായ ഭക്ഷണം, പുകവലി ഉപേക്ഷിക്കുക, നന്നായി ഉറങ്ങുക, വ്യായാമം തുടങ്ങിയ ഘടകങ്ങൾ അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കും. മണിക്കൂറുകളോളം ഇരിക്കുന്നതും അൽസ്ഹൈമേഴ്സും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

    പെൻസിൽവാനിയയിലെ പിറ്റ്സ്ബ​ഗ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകയായ മരീസ എ ​ഗോ​ഗ്നിയാറ്റിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രായമായവർ ദീർഘസമയം ഇരിക്കുകയോ കിടക്കുകയോ ഒക്കെ ചെയ്യുന്നത് മസ്തിഷ്കം ചുരുങ്ങാൻ കാരണമാവുകയും അൽസ്ഹൈമേഴ്സ് സാധ്യത കൂട്ടുകയും ചെയ്യുമെന്ന് ​ഗവേഷണത്തിൽ കണ്ടെത്തി. ഇക്കൂട്ടരിൽ എത്രതന്നെ വ്യായാമം ചെയ്താലും ​വെറുതെയിരിക്കുന്ന സമയം കൂടുതലാണെങ്കിൽ ​ഗുണമുണ്ടാകില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്.

    അൽസ്ഹൈമേഴ്സ് അസോസിയേഷന്റെ അൽസ്ഹൈമേഴ്സ്& ഡിമെൻഷ്യ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമ്പത് വയസ്സും അതിന് മുകളിലും പ്രായമുള്ള 404 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഏഴുവർഷത്തോളം ഇവരുടെ ശാരീരിക പ്രവർത്തനങ്ങളും മസ്തിഷ്കത്തിന്റെ എംആർഐ സ്കാനും പരിശോധിച്ച ശേഷമാണ് വിലയിരുത്തലിലെത്തിയത്. ദീർഘസമയം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നവരിൽ വൈജ്ഞാനിക അപചയം ഉണ്ടാവുകയും മസ്തിഷ്കത്തിന്റെ ​ഘടനയിൽ മാറ്റം .വരികയും ചെയ്യുന്നുണ്ട്. ഉദാസീനമായ ജീവിതരീതി പുലർത്തുന്നവരിൽ ശരീരത്തിൽ നീർക്കെട്ട്, മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം കുറയുക, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം അൽസ്ഹൈമേഴ്സ് സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് ​ഗവേഷകർ പറയുന്നു.


    എന്തുകൊണ്ടാണ് ഉദാസീനമായ ജീവിതശൈലിക്കിടയിലും നന്നായി വ്യായാമം ചെയ്യുന്നത് ​ഗുണംനൽകാത്തത് എന്നതിനും ​ഗവേഷകർക്ക് ഉത്തരമുണ്ട്. ഒരുദിവസത്തിലെ പത്തും പതിനഞ്ചും മണിക്കൂർ ശാരീരിക പ്രവർത്തനങ്ങളിൽ കാര്യമായി ഏർപ്പെടാതെ അരമണിക്കൂർ മാത്രം നന്നായി വ്യായാമം ചെയ്തിട്ട് കാര്യമില്ലെന്നാണ് അവരുടെ വാദം. വ്യായാമം ചെയ്യുന്നതിനൊപ്പം വെറുതെയിരിക്കുന്നതിന്റെ ദൈർഘ്യം കൂടി കുറയ്ക്കുകയാണ് പ്രധാനമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

    ഓരോ അരമണിക്കൂർ കൂടുമ്പോഴും നിൽക്കുകയും ശരീരം സ്ട്രെച്ച് ചെയ്യുകയും നടക്കുകയും ചെയ്യുക, നടന്നുകൊണ്ട് ഫോൺ ചെയ്യുക, ലിഫ്റ്റിനു പകരം സ്റ്റെയർകെയ്സ് ഉപയോ​ഗിക്കുക തുടങ്ങിയവയിലൂടെ ദീർഘസമയം ഇരിക്കുന്നത് ഒഴിവാക്കാനാവും.

Post a Comment

Previous Post Next Post