തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന പ്രസ്താവനയില്‍ സിപിഎം നേതാവ് ജി സുധാകരനെതിരേ കേസെടുത്തു.




 തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന പ്രസ്താവനയില്‍ സിപിഎം നേതാവ് ജി സുധാകരനെതിരേ കേസെടുത്തു. ഡെപ്യൂട്ടി പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴ സൗത്ത് പോലിസാണ് കേസെടുത്തത്.

സംഭവത്തില്‍ തഹസില്‍ദാര്‍ മൊഴിയെടുക്കുകയും റിപോര്‍ട്ട് കലക്ടര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 465, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു പ്രകാരമുള്ള നടപടികളിലേക്കായിരിക്കും ഇനി പോലിസ് കടക്കുക എന്നാണ് വിവരം.. 36 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള പരാമര്‍ശത്തിലാണ് കേസ്. കുറെ കാലം മുമ്പുണ്ടായ കാര്യത്തില്‍ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്ന കാര്യം പോലിസിനെ സംബന്ധിച്ച് ശ്രമകരമാണ്.

ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍ വെച്ചാണ് ജി സുധാകരന്‍,1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. വിഷയത്തില്‍ ഇനി കേസെടുത്താലും കുഴപ്പമില്ല എന്നു പറഞ്ഞായിരുന്നു പരാമര്‍ശം.

അതേസമയം, ആദ്യം തന്റെ നിലപാടില്‍ ഉറച്ചു നിന്ന സുധാകരന്‍ പിന്നീട് മൊഴിയെടുത്തതിനു ശേഷം പങ്കെടുത്ത പരിപാടിയിലെ പ്രസംഗത്തില്‍ തന്റെ നിലപാടില്‍ മലക്കം മറിഞ്ഞിരുന്നു.

Post a Comment

Previous Post Next Post